Tuesday, August 23, 2011

....ഒരു ഇന്റെര്‍പോളി മത്സരത്തിനു പോയ കഥ.....

പല തരത്തിലുള്ള വിദ്യകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പോളി ടെക്നിക് എന്ന സ്ഥാപനത്തില്‍ ഫൈനല്‍ ഇയര്‍ ആയി വിലസുന്ന സമയം..പതിവുപോലെ അക്കൊല്ലവും interpoly വന്നെത്തി.കഴിഞ്ഞ yearil ക്രിക്കെറ്റ് കളിയ്ക്കാന്‍ പോയിട്ട് കപ്പ്‌ ഉയര്‍ത്തിപ്പിടിച്ചു വന്നതിനാല്‍ ദയവായി ഈ കൊല്ലം selection നു വരരുത് എന്ന് ഞങ്ങളില്‍ പലരോടും പി .ഡി വെട്ടിത്തുറന്നു പറഞ്ഞു.കഴിവുള്ള പുതിയ പിള്ളേര്‍ കാണും അത്രേ! ക്ലാസ്സില്‍ കയറാതെ പ്രാക്ടീസ് എന്ന പേരില്‍ കറങ്ങി നടക്കാനും ഒപ്പം attendance ഉം കിട്ടുന്ന പരിപാടിയും ആയതുകൊണ്ട് എങ്ങിനേം പോയെ പറ്റു.അതിനുള്ള വഴികള്‍ ആലോചിച്ചപ്പോള്‍ ആണ് classmate അരുണ്‍ ball badminton എന്ന കളിയെ പറ്റി പറഞ്ഞത്.വീടിന്റെ അടുത്തുള്ള കോളേജില്‍ മിക്കവാറും കളിക്കാറുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഐഡിയ കൊള്ളാം എന്ന് തോന്നി.ഞങ്ങളാരും കേട്ടിട്ടുണ്ട് എന്നുള്ളതല്ലാതെ ഈ കളി കണ്ടിട്ടുപോലുമില്ല.അരുണിന് അറിയാലോ അതുമതി എന്ന് തീരുമാനിച്ചു ഞങ്ങള്‍ 7 പേര്‍ P .D കണ്ടു.കളിയെ പറ്റി വല്യ ഗ്രാഹ്യം ഒന്നുമില്ലെങ്കിലും അതിന്റെ പേരില്‍ എന്തേലും മുക്കാലോ എന്ന് കരുതിയാവണം പുള്ളി സമ്മതിച്ചു.പക്ഷെ selection നടത്തണം അത്രേ.ഞങ്ങള്‍ ഒരുമിച്ചു ഞെട്ടി.selection നടത്തിയാല്‍ കളിയ്ക്കാന്‍ അറിയാവുന്ന പിള്ളേര്‍ വേറെ കാണും.അവന്മാര്‍ പോവുകേം ചെയ്യും.ഞങ്ങള്‍ അരുണിനെ നോക്കി.medimix ,chandrika എന്നിവ കഴിഞ്ഞാല്‍ പിന്നെ ഞാന്‍ കണ്ടിട്ടുള്ള പതക്കാന്‍ കഴിവുള്ള ഒരു സാധനം അരുണ്‍ തന്നെ.അങ്ങനെ selection നടത്താന്‍ ഉള്ള അനുവാദം P D അരുണിനെ ഏല്‍പ്പിച്ചു.പിന്നെ പറയേണ്ടല്ലോ.നോട്ടീസ് ബോര്‍ഡില്‍ ഇട്ട selection നോട്ടീസ് ഇട്ടതും കീറിയതും ഒരുമിച്ചു ആരുന്നു.എന്നിട്ട് പറഞ്ഞ ഡേറ്റ് നു ഞങ്ങടെ കുറെ സുഹൃത്തുക്കളുമായി selection നടത്തപ്പെട്ടു.അങ്ങനെ ഞങ്ങള്‍ 7 പേര്‍ ball badminton ടീമിലെ ഔദ്യോഗിക കളിക്കാരായി(ഒരു ടീമില്‍ 5 പേര്‍ മതി) .അരുണ്‍ ക്യാപ്റ്റന്‍ ആയി സ്വയം അവരോധിച്ചു.

അങ്ങനെ പ്രാക്ടീസ് ആരംഭിച്ചു.കേരളത്തിലെ ഏറ്റവും പേരുകേട്ട പോളി ആയതിനാല്‍ ഗ്രൌണ്ട് ഒന്നും ഇല്ല.കോളേജ് കോമ്പൌണ്ട് നു ഉള്ളില്‍ തന്നെയാണ് പ്രാക്ടീസ്.എന്നും രാവിലെ വരുക....നെറ്റ് കെട്ടുക...എല്ലാരും ക്ലാസ്സിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ കോര്‍ട്ടിലേക്ക് പോകും..എല്ലാര്ക്കും പെരുത്ത്‌ സന്തോഷം.ഇന്റര്‍വെല്‍ സമയത്ത് ഒക്കെ ചില ജൂനിയര്‍ പെണ്‍കുട്ടികള്‍ ഇവന്മാര്‍ എന്താ ഈ കാണിക്കുന്നത് എന്ന് കരുതി പ്രാക്ടീസ് നോക്കി നില്‍ക്കാറുണ്ട് .അപ്പോളൊക്കെ അരുണ്‍ സര്‍വ കഴിവും പുറത്തെടുക്കും..എന്നിട്ട് പാവം ഞങ്ങടെ നേരെ കനത്ത ഷോട്ടുകള്‍ പായിക്കും...ഓടാന്‍ പറ്റില്ലല്ലോ.കലിപ്പിനു നമ്മളും എങ്ങോട്ടെങ്കിലും അടിക്കും..ഈ ബാറ്റും ബോളും കണ്ടിട്ട് രണ്ടു ദിവസമേ ആയുള്ളൂ എങ്കിലും ബാറ്റിന്റെ സ്ട്രിംഗ് ചെക്ക് ചെയ്യുക,അതിന്റെ elongation ,strength ,ബോളിന്റെ നിലവാരം എന്നിവ ഉറപ്പു വരുത്തുക ഒക്കെ ഈ സമയത്താണ് നടക്കുക.ഇന്റര്‍വെല്‍ കഴിയുന്നതോടു കൂടി ഈ ചെക്കിംഗ് ഒക്കെ തീരും.അടുത്തത് പിന്നെ ഉച്ചക്കെ ഉള്ളു.ഇതിനിടെ ആരോ പ്രിന്‍സിക്ക് പരാതി കൊടുത്തു.ball badminton ടീമില്‍ എല്ലാം final years ആണെന്നും ഒരേ പാര്‍ട്ടിക്കാര്‍ ആണെന്നും ഒക്കെ.പക്ഷെ ഞങ്ങള്‍ പ്രിന്‍സിയെ കണ്ടു കപ്പ്‌ നേടിയേ തിരിച്ചു വരൂ എന്ന ഉറപ്പും കൊടുത്തു തലയൂരി.ഏതാണ്ട് 10 -15 ദിവസം കൊണ്ടു കളിയുടെ കുറെ നിയമങ്ങള്‍ എന്തായാലും എല്ലാരും പഠിച്ചു.

അങ്ങനെ ഞങ്ങള്‍ കളി തുടങ്ങുന്നതിന്റെ തലേന്നു തന്നെ interpoly മത്സരം നടക്കുന്ന തൃശ്ശൂരിലെ ഗ്രൗണ്ടില്‍ എത്തി.ഗ്രൌണ്ടിനു അടുത്തായി ഒരു lodgil റൂം എടുത്തു വ്യ്കിട്ടോടെ ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്യാന്‍ എത്തി.വിവിധ പോളികളില്‍ നിന്നുള്ള മച്ചാന്മാര്‍ അവിടെ വന്‍ പ്രാക്ടീസ് നടത്തുന്നുണ്ട്.അവരുടെയൊക്കെ മുന്നിലൂടെ ജീവന്‍ വേണേല്‍ പിന്മാറിക്കോ എന്ന രീതിയില്‍ ഞങ്ങള്‍ വിരിഞ്ഞു നടന്നു.അവസാനം ഗ്രൌണ്ടിന്റെ ഒരു മൂലയില്‍ ഗാലറിയുടെ അടുത്തായി പ്രാക്ടീസ് തുടങ്ങി.ഗാലറിയില്‍ ഒരു 10 -12 പേര്‍ ഇരിപ്പുണ്ട്.അവരെ ഞെട്ടിച്ചു കളയാം എന്ന് കരുതി വന്‍ പ്രാക്ടീസ് തുടങ്ങി.പ്രവീണ്‍ ആണേല്‍ ഒരു കറുത്ത തൊപ്പി ,പിന്നെ കറുത്ത ഒരു ഗ്ലാസ്‌ കൂടാതെ ഏതോ ഒരു ഫുട്ബാള്‍ ക്ലബ്ബിന്റെ jersey ഒക്കെയായി ഒരു വല്ലാത്ത ലുക്കില്‍ ആണ്.ഇടയ്ക്കിടെ പുച്ഛത്തോടെ ഗാലറിയില്‍ ഇരിക്കുന്നവരെ നോക്കുന്നുമുണ്ട്.സഹിക്കുന്നതിനു ഒരു പരിധി ഒക്കെ ഇല്ലേ.അവര്‍ അവനെ അങ്ങോട്ട്‌ വിളിച്ചു.കളിയ്ക്കാന്‍ വന്ന ഏതോ പിള്ളേര്‍ ആരിക്കും എന്ന് കരുതി പ്രവീണ്‍ "ഇങ്ങോട്ട് വാടെ" എന്ന് പറഞ്ഞു.വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ...അവര്‍ ഇങ്ങോട്ട് വന്നു.ശരിക്കും അവര്‍ അവിടെ ലോക്കല്‍ പോളിയിലെ അലമ്പ് ടീംസ് ആരുന്നു എന്ന് പിന്നീടാണ്‌ മനസിലായത്.സാംസ്‌കാരിക തലസ്ഥാനത് നിന്നും ഇത്രേം നല്ല ഭാഷ പ്രയോഗം ആരും പ്രതീക്ഷിച്ചില്ല.ഭാഗ്യം.അടി കിട്ടിയില്ല.പ്രവീണിന്റെ തൊപ്പീം ഗ്ലാസും അവര്‍ ഏറ്റെടുത്തു. നല്ല ഒന്നാംതരം അടി സ്വന്തം പോളിയില്‍ കിട്ടുമല്ലോ,അതിനായി തൃശൂര്‍ വരെ വരേണ്ട കാര്യമില്ലല്ലോ എന്ന ഒറ്റ കാരണം കൊണ്ടു മാത്രം ആരും ഒന്നും മിണ്ടീല...രാത്രി രാഗം theatril പോയി jackey chante RUSH HOUR കണ്ടു .അതു കഴിഞ്ഞപ്പോളാണ് അവന്മാരെ വെറുതെ വിട്ടത് ശരിയായില്ല എന്ന് എല്ലാര്ക്കും തോന്നിയത്.അന്നേരം തോന്നാഞ്ഞതു ഭാഗ്യം..

അങ്ങനെ പിറ്റേന്ന് മത്സരങ്ങള്‍ തുടങ്ങി.ഞങ്ങടെ നാലാമത്തെ മാച്ച് ആണ്.ആദ്യകളികള്‍ കണ്ടപ്പോളേ നിന്നിട്ട് കാര്യമില്ല എന്ന് മനസിലായി.എത്ര അടികള്‍ ഏറ്റുവാങ്ങേണ്ടി വരും എന്ന് മാത്രമേ എല്ലാര്ക്കും സംശയം ഉണ്ടായിരുന്നുള്ളൂ.അങ്ങനെ ഞങ്ങളുടെ മാച്ച് എത്തി.ഞങ്ങള്‍ റെഡി ആയി കോര്‍ട്ടില്‍ എത്തി.കുറെ നേരമായിട്ടും എതിര്‍ ടീം വന്നില്ല.കിട്ടിയ അവസരം അല്ലേ.പ്രവീണ്‍ ചൂടാവാന്‍ തുടങ്ങി.അങ്ങനെ മൂന്നു തവണ അന്നൌന്‍സ് ചെയ്തു..ആരും എത്തീല.അങ്ങനെ ഞങ്ങള്‍ക്ക് വാക്കോവര്‍ കിട്ടി.ഉച്ചക്കത്തെ രണ്ടാമത്തെ കളി കഷ്ടിച്ച് ജയിച്ചു.ഞങളെ പോലെ തന്നെ ഉടായിപ്പുമായിട്ടു എത്തിയതാണ് അവരും .പലര്‍ക്കും ബാറ്റുപിടിക്കാന്‍ പോലും ശരിക്കറിയില്ല .എന്നിട്ടും tight കളിയാരുന്നു.അങ്ങനെ ഞങ്ങള്‍ ക്വാര്‍ട്ടറില്‍!!! പി ഡി വരെ ഞെട്ടി.പിറ്റേന്ന് രാവിലെ കോഴിക്കോടുമായി ആണെന്ന് തോന്നണു.വാശിയേറിയ സെമി തുടങ്ങി.അവര്‍ നന്നായി കളിക്കുന്നവരാണ് എന്ന് പെട്ടെന്ന് തന്നെ മനസിലായി.മാക്സിമം പിടിച്ചു നിക്കുക എന്നതാരുന്നു ഞങ്ങടെ തന്ത്രം.പക്ഷെ ഇടയ്ക്കു ഒരു ഔട്ടിനെ ചൊല്ലി അവര്‍ റഫറീ യുമായി തര്‍ക്കം ആയി.തര്‍ക്കം മൂത്തപ്പോള്‍ എതിര്‍ ടീമിലെ ഒരുത്തന്‍ ബോള്‍ എടുത്തു എങ്ങോട്ടോ വലിച്ചു അടിച്ചു.അതു ഒരു officialinte ദേഹത്ത് കൊണ്ടു .വീണ്ടും ഭാഗ്യം.കോഴിക്കോടിനെ അയോഗ്യരാക്കി...അവിടേം ഞങ്ങള്‍ക്ക് ജയം.അങ്ങനെ സെമിയില്‍ എത്തി.രണ്ടു കളി കൂടി ജയിച്ചാല്‍ കപ്പ്‌..ഉച്ചക്കാണ് സെമി.

അങ്ങനെ ഉച്ചക്ക് സെമി തുടങ്ങി.ആദ്യമായി എല്ലാര്ക്കും ഒരു ടെന്‍ഷന്‍.പക്ഷെ കളി തുടങ്ങിയതോടെ എല്ലാരുടെം ടെന്‍ഷന്‍ മാറി.നിലത്തു നിര്‍ത്തീട്ട് വേണ്ടേ ടെന്‍ഷന്‍ അടിക്കാന്‍.തിരൂര്‍ പോളി ആണ് എന്നാണ് എന്റെ ഓര്‍മ്മ..ആരിക്കും..അവര്‍ക്കെ ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റു.അരുണും പ്രവീണും മുന്നില്‍ നിന്നും ശരിക്കും മേടിക്കുന്നുണ്ട്‌.ഇടക്കൊക്കെ ഞങ്ങള്‍ക്കും ചിലത് കിട്ടുന്നുണ്ട്‌.മുന്നില്‍ നിന്നു കളിച്ചാലേ ശരിയാവൂ എന്ന് പറഞ്ഞ പ്രവീണ്‍ ഇടയ്ക്കു എന്നോട് ""അളിയാ കുറച്ചു നേരം നീ മുന്നില്‍ നില്‍ക്ക്...centre ഇല്‍ പോയിന്റ്‌ പോകുന്നുണ്ട്...ഞാന്‍ നോക്കാം എന്ന്"" എന്നോട്! കുഴപ്പമില്ല അളിയാ ഞാന്‍ മാനേജ് ചെയ്തോളാം എന്ന് പറഞ്ഞു ഞാന്‍ വലിഞ്ഞു.അരുണ്‍ എന്തായാലും മുഴുവനും വാങ്ങീട്ടു തന്നെ കാര്യം എന്ന രീതിയില്‍ നില്‍പ്പുണ്ട്.ഇടയ്ക്കു ഒരു ഷോട്ട് എടുത്തു നിവര്‍ന്നു വന്നതും എന്തോ വന്നു എന്റെ വലതു കണ്ണിനു താഴെയായി കൊണ്ടു.ഞാന്‍ കൊടുത്ത ബോള്‍ ഇത്ര പെട്ടെന്ന് തിരിച്ചു വരും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.നട്ടുച്ച ആയിട്ട് പോലും 10 -12 നക്ഷത്രങ്ങള്‍ ഞാന്‍ എണ്ണി..."പന്തടിക്കാന്‍ തൃശൂര്‍ വരെ പോണോഡാ മോനെ" എന്ന് അമ്മൂമ്മ പറഞ്ഞതാണ്.ആരു കേക്കാന്‍..വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ!!അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ അവര്‍ ജയിച്ചു.ഞങ്ങടെ ഭാഗ്യം..വല്ല വഴിക്കും പോണ അടി ഓട്ടോ വിളിച്ചു മേടിക്കുന്ന പ്രവീണിന് തൃശൂര്‍ വരെ വന്നിട്ട് ഒന്നും കിട്ടീലല്ലോ എന്ന വിഷമവും മാറിക്കിട്ടി.പഞ്ഞി പോലെയുള്ള ബോള്‍ അല്ലേട..ഇതുകൊണ്ട് അടി കിട്ടിയാല്‍ വല്യ വേദന എടുക്കില്ല എന്ന തന്റെ മുന്‍ പ്രസ്താവന അരുണും പിന്‍വലിച്ചു.അവന്‍ അതിനു നിര്‍ബന്ധിതന്‍ ആയി എന്ന് വേണം പറയാന്‍...അനുഭവം ഗുഗ്ഗുരു ആണെന്ന് അന്ന് മനസിലായി

പി ഡി അന്ന് തന്നെ സ്ഥലം വിട്ടു.ഞങ്ങള്‍ അന്നവിടെ സ്റ്റേ ചെയ്തു.പിറ്റേന്ന് നേരെ വീട്ടില്‍ പോയി.അടുത്ത ദിവസം കോളേജില്‍ പോയി..എല്ലാരും ഒന്നിച്ചു തന്നെയാണ് പോയത്.....പി. ഡി എല്ലാം വിസ്തരിച്ചിട്ടുണ്ട്‌ എന്ന് ബസില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ മനസിലായി..എതിര്‍ പാര്‍ട്ടിക്കാര്‍ സംഭവം ആഘോഷമാക്കിയിട്ടുണ്ട് .
Interpoly ball badminton ചാമ്പ്യന്‍ മാര്‍ക്ക് സ്വാഗതം എന്ന പോസ്റ്ററുകള്‍ രണ്ടു മതിലിലും കാര്യമായി ഒട്ടിച്ചിട്ടുണ്ട്.ക്രിക്കറ്റ്‌ ഉള്‍പ്പടെ തോറ്റ മറ്റു കളികളെ പറ്റിയൊന്നും പരാമര്‍ശം ഇല്ല.കൂടാതെ 6 -7പേര്‍ കപ്പ്‌ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന
കാര്‍ടൂണ്സും.. ..അത്യാവശ്യം തൊലിക്കട്ടി ആ കോളേജ് 3 വര്‍ഷം കൊണ്ടു നേടിതന്നതിനാല്‍ ഞങ്ങള്‍ നെഞ്ച് വിരിച്ചുതന്നെ നടന്നു കയറി....ഇനിയുമൊരു ഇന്റെര്‍പോളിക്ക് ബാല്യമില്ലല്ലോ എന്നോര്‍ത്തുകൊണ്ട്...........

Saturday, August 13, 2011

********** ഒരു വെട്ടവും തുടര്‍ന്നുള്ള മലകയറ്റവും **********

സ്റ്റഡി ലീവ് എങ്ങിനെ ആഘോഷിക്കണം എന്ന കൂലങ്കഷമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് classmate ആയ ശ്രീമാന്‍ അനില്‍ കുമാര്‍ അവന്റെ വീടിന്റെയടുത്തു ഉള്ള ആളൊഴിഞ്ഞ ഒരു രണ്ടുനില വീടിനെപറ്റി പറഞ്ഞത്..ഒരു വലിയ മലയുടെ അടി ഭാഗത്തായി 25 ഏക്കര്‍ റബ്ബര്‍ തോട്ടത്തിന്റെ നടുവിലായി ഉള്ള വീട് എന്ന് കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഹരമായി..വീടിന്റെ അടുത്തായി 3 -ഓളം ഷാപ്പുകള്‍ ഉണ്ട് എന്ന അനിലിന്റെ വാക്കുകള്‍ കേട്ടതും കിളവന്‍(അല്പം പ്രായക്കൂടുതല്‍ ഉണ്ടെന്നെ ഉള്ളു..മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല) ആ വീട് ബുക്ക്‌ ചെയ്യാന്‍ അനിലിനെ ഏല്പിച്ചു..അങ്ങനെ ഒരു ആഴ്ചക്കുള്ളില്‍ തന്നെ ഞങ്ങള്‍ 20 ഓളം പേര്‍ തൊടുപുഴയിലെ മനോഹരമായ ആ വീട്ടില്‍ താമസം തുടങ്ങി....അനില്‍ പറഞ്ഞത് ശരിയായിരുന്നു..വീടിനു മുകളിലായി 4 -5 ഏക്കര്‍ കൈതച്ചക്ക തോട്ടവും പിന്നെ ബാക്കി റബ്ബര്‍,കാപ്പി,തെങ്ങ്...അങ്ങനെ ഒരു വന്‍ സെറ്റപ്പ് ആണ് അവിടെ...പോരാത്തതിനു ഫുള്‍ ടൈം കാറ്റും...
വന്നതിന്റെ പിറ്റേന്ന് തന്നെ കിളവനും കോശിയും കൂടെ അടുത്തുള്ള എല്ലാ ഷാപ്പിലും മിന്നല്‍ സന്ദര്‍ശനം നടത്തി ഷാപ്പുകള്‍ക്ക് gradum നല്‍കി...A ,B & C ...A ഗ്രേഡ് ഷാപ്പില്‍ ഒന്നുമില്ലെങ്കില്‍ മാത്രമേ B യില്‍ പോകാവു എന്ന വിലപ്പെട്ട ഉപദേശവും നല്‍കി..കുറച്ചു ദിവസം കൊണ്ടു തന്നെ ചീട്ടുകളി മടുത്തു...എല്ലാത്തിനും ഒരു പരിധി ഇല്ലേ..

ഒരു ദിവസം ടെറസിന്റെ മുകളില്‍ ഞങ്ങള്‍ ആറേഴുപേര്‍(ഞാന്‍,കിളവന്‍,കോശി,സ്വാമി ,പ്രിയന്‍,കുഞ്ഞുരാമന്‍,സുബ്ബു) മലര്‍ന്നു നക്ഷത്രം എണ്ണി കിടക്കുന്നു...അപ്പോളാണ് സ്വാമി മലയുടെ മുകിലായി ഒരു വലിയ പ്രകാശം സഞ്ചരിക്കുന്നതായി കണ്ടത്..മറ്റാരും കണ്ടതുമില്ല...സ്വാമി സംഭവം എല്ലാരോടും പറഞ്ഞു...പറഞ്ഞത് സ്വാമി അല്ലേ ...ഒരു കാര്യവും ഉണ്ടാവില്ല എന്ന് എല്ലാര്ക്കും അറിയാം..ആരും മൈന്‍ഡ് ചെയ്തില്ല..ഇടക്കൊക്കെ സ്വാമി സത്യം പറയും എന്ന കുഞ്ഞിരാമന്റെ dialog കേട്ടതോടെ സ്വാമി ഇത് പലതവണ കണ്ടിട്ടുണ്ട് എന്നൊക്കെ അങ്ങ് മെഴുകി..നമുക്ക് ഒരു ദിവസം മലയുടെ മുകളില്‍ പോയാലോ എന്ന് ചോദിച്ചതും പോയേക്കാം എന്ന് സ്വാമി..അപ്പോള്‍ തന്നെ ഒരു ദിവസവും ഫിക്സ് ചെയ്തു..

അനില്‍ കുമാറിനോട് പറഞ്ഞപ്പോള്‍ everest കഴിഞ്ഞാല്‍ പിന്നെ കീഴടക്കാന്‍ ഏറ്റവും പാട് ഈ മലയാണ് എന്ന ഉപദേശം കിട്ടിയതോടെ ഈ പരിപാടി തത്കാലം ഇനിയാരോടും പറയേണ്ടതില്ല എന്ന് തീരുമാനിച്ചു..

അങ്ങിനെ ആ സുദിനം വന്നെത്തി...എല്ലാവരും മല കീഴടക്കാന്‍ തയ്യാറായി..എല്ലാവരുടെയും കയ്യില്‍ നീളമുള്ള ഓരോ കമ്പും പിന്നെ ഓരോരുത്തരുടെ കയ്യിലായി വെട്ടുകത്തി,ക്യാമറ,വെള്ളം,തുടങ്ങിയവയും...കിളവന്റെ കയ്യില്‍ രണ്ടു MH ഉം ഉണ്ട്..പോകുന്ന വഴിക്ക് നല്ല മുള്ളുള്ള ചെടികള്‍ ശക്തമായ ഒരു പ്രതിരോധം തന്നെയായിരുന്നു..പ്രതിബന്ധങ്ങള്‍ വെട്ടിമാറ്റിയും അടയാളങ്ങള്‍ വച്ചും ആണ് യാത്ര...പെട്ടെന്ന് ചെന്നാല്‍ അടിക്കാലോ എന്ന് കരുതിയാവണം കിളവന്‍ ജമ്പ് ചെയ്താണ് പോകുന്നത്..ഇതിനിടെ ഒരു ചെറിയ മരക്കൊമ്പില്‍ തൂങ്ങി ചാടാന്‍ ശ്രമിക്കവേ സ്വാമി നിലം പറ്റി .കുറച്ചു ദൂരം കൂടി കഴിഞ്ഞിട്ടുണ്ടാവണം.. ഒന്നുരണ്ടു മുയല്‍ brothers മുന്നില്‍ കൂടി മാര്‍ച്ച് നടത്തിയത് കുഞ്ഞിരാമന് സുഖിച്ചില്ല..പോവേണ്ട എന്ന് പറഞ്ഞതാണ്...മുയലിറച്ചിയുടെ ടേസ്റ്റ് നിനക്കൊന്നും അറിയില്ല എന്ന് പറഞ്ഞു കമ്പുമായി അതിന്റെ പിറകെ ഓടി..ഞങ്ങള്‍ നടപ്പ് തുടര്‍ന്നു...കുറെ കഴിഞ്ഞു കുഞ്ഞിരാമന്‍ കൂളായി തിരിച്ചെത്തി....അവന്മാര്‍ രക്ഷപ്പെട്ടു അത്രേ !..സൂക്ഷിച്ചു നോക്കിയപ്പോള്‍ കാലിലെ കുറെ പെയിന്റ് പോയതായി കണ്ടു...ഓടിയപ്പോള്‍ ഏതോ മരക്കുറ്റിയില്‍ തട്ടി വീണതാണത്രേ...എല്ലാരും അതു ആഘോഷമാക്കി..

.ഏതാണ്ട് രണ്ടര മണിക്കൂര്‍ ആയപ്പോലെക്കും ഞങ്ങള്‍ മുകളില്‍ എത്തി...നെല്ലിമരങ്ങളുടെ ഒരു കൂട്ടം ഒരു ഭാഗത്തായി കണ്ടു..ആരോ വലിഞ്ഞു കേറി...കുറെ പറിച്ചു...സാധാരണയിലും വലിപ്പം തീരെ കുറവായിരുന്നു എങ്കിലും അതിന്റെ രുചി അന്യായം തന്നെയാരുന്നു...നെല്ലിമരങ്ങളുടെ കുറെ അപ്പുറത്തായി ഒരു വലിയ പാറ കണ്ടു..ഇതിനിടെ സ്വാമി കണ്ടു എന്ന് പറഞ്ഞ വെട്ടം എവിടെ നിന്നായിരിക്കും എന്നുള്ള അന്വേഷണം എങ്ങും എത്താതെ നില്‍ക്കുവാണ്....

എല്ലാവരും പാറ ലക്ഷ്യമാക്കി നീങ്ങി .അത്യാവശ്യം വലിയ ഒരു പറയാന്....അതിന്റെ ഏറ്റവും മുകളിലായി ഒരു വലിയ കുരിശും ....ഇതെങ്ങനെ അവിടെവന്നു എന്നാലോചിച്ചു പതിയെ പാറകയറ്റം ആരംഭിച്ചു..അള്ളിപ്പിടിച്ചു ഒരു വിധത്തില്‍ മുകളില്‍ എത്തി..ഏതാണ്ട് 15 അടിയെങ്കിലും പൊക്കമുള്ള കുരിശിന്റെ ചുവട്ടില്‍ നിന്നും കുറെ ക്ലിക്ക്സ്...അതുകഴിഞ്ഞ് ആരോ പാറയുടെ മറ്റേ അറ്റത്ത്പോയി നോക്കിയിട്ട് എല്ലാരേം അങ്ങോട്ട്‌ വിളിച്ചു... സത്യത്തില്‍ തല കറങ്ങിപ്പോകും....ഭീകരമായ ഒരു കൊക്കയാണ് കീഴ്ക്കാം തൂക്കായി....ശരിക്കും കണ്ടാല്‍ ചുമ്മാ ഒന്ന് ചാടിയാലോ എന്ന് പ്രകോപിപ്പിക്കുന്ന ഒരു കാഴ്ച..ജീവനും കൊണ്ടു അവിടുന്ന് തിരിച്ചിറങ്ങാന്‍ നോക്കിയപ്പോളല്ലേ പ്രശ്നം .....ആര്‍ക്കും ഇറങ്ങാന്‍ പറ്റുന്നില്ല..കാരണം ഞങ്ങള്‍ അള്ളിപ്പിടിച്ചു കയറിയതിന്റെ അങ്ങേ sidum ഇതേ കൊക്ക തന്നെയാണെന്ന് എല്ലാര്ക്കും മനസിലായി...കയറുമ്പോള്‍ ഇതൊന്നും അറിയില്ലല്ലോ...ഇറങ്ങുമ്പോള്‍ എങ്ങാനും കാലു സ്ലിപ്പായി അങ്ങോട്ടെങ്ങാനും പോകുമോ എന്നാണ് പേടി...അവസാനം രണ്ടും കല്പിച്ചു ഞാന്‍ മുകളില്‍ തന്നെ ഇരുന്നു...ആരേലും ഇറങ്ങട്ടെ എന്ന് വിചാരിച്ചു...ഹല്ലപിന്നെ...ഒടുവില്‍ പ്രിയന്‍ എങ്ങിനെയൊക്കെയോ നിരങ്ങി താഴെ എത്തി...എല്ലാരും പിന്നെ അവനെ നോക്കിയിരിപ്പാണ്...ആദ്യമായി കാണുന്നപോലെ.. അവസാനം അവന്‍ ഒരു വലിയ കമ്പ് ഒടിച്ചു നീട്ടി..പിന്നെ അതിന്റെ ബലത്തില്‍ എല്ലാരും താഴേക്കു...കോശി ഇതിനിടെ രണ്ടു തവണ കുരിശിന്റെ അടുത്തുപോയി കാര്യമായി എന്തോ പറയുന്നതും കണ്ടു..

താഴെ എത്തിയതും കിളവന്‍ MH പൊട്ടിച്ചു 2 എണ്ണം വീശി... ഭഗവാനെ ഇനി ഇതൊന്നും അടിക്കാന്‍ പറ്റില്ലേ എന്ന് വിചാരിച്ചു ടെന്‍ഷന്‍ ആയി ഇരിക്കുവാരുന്നത്രേ മുകളില്‍..അല്പം കഴിഞ്ഞു കുപ്പി മല ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ചു കുറെ ദൂരം നടന്നു..പ്രത്യേകിച്ച് ഒന്നും കാണാന്‍ കഴിഞ്ഞില്ല...സ്വാമിയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ല..അവിടെ അടുത്തായി ഒരു ചെറിയ പാറയുടെ നടുക്ക് നിന്നും ഉറവ..വെള്ളത്തിനാണേല്‍ നല്ല തണുപ്പും.. അപ്പോളാണ് കിളവന്‍ ഒരു കമ്പിന്റെ അറ്റത്ത് ഒരു തുണിയൊക്കെ കെട്ടി ആടിയാടി വന്നത്...പാറയുടെ മുകളില്‍ കുത്തി നിര്‍ത്താന്‍ ആണത്രേ!ഭയങ്കരം...ഒടുവില്‍ അതു പാറയുടെ മുകളില്‍ അല്പം മണ്ണുള്ള ഭാഗത്തി കുത്തി നിര്‍ത്തി...നമ്മുടെ നീലം അണ്ണന്‍ പണ്ട് ചന്ദ്രനില്‍ കുത്തിയപോലെ..

കുറെ നേരം കൂടി അവിടൊക്കെ ചുറ്റിത്തിരിഞ്ഞു ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി..ഇറക്കം നല്ല സ്പീഡില്‍ ആണ്..
വരുന്ന വഴി കോശി കുഞ്ഞിരമാനോട് മുയല്‍ പോയോ എന്ന് നോക്കാന്‍ പറഞ്ഞു...അവന്‍ അതു കേട്ടതായി പോലും നടിച്ചില്ല...അങ്ങനെ ഒരു ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടു താഴെ എത്തി...തിരിച്ചു റൂമില്‍ എത്തിയിട്ടും സ്വാമീടെ സംശയം തീര്‍ന്നിരുന്നില്ല."".എന്നാലും ആ വെട്ടം കൊണ്ടു പോയത് ആരായിരിക്കും "" എന്ന്...മറുപടിയായി കിളവന്‍ അകത്തു നിന്നും എന്തോ വിളിച്ചു പറഞ്ഞു....വ്യക്തമായി കേട്ടില്ലെങ്കിലും അതു അവന്റെ അപ്പന് തന്നെയാകും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ലാരുന്നു......


Monday, June 20, 2011

..മൃദുലനും ആശാനും കൊള്ളിയും പിന്നെ ഗ്യാഗിയും.....ക്ലൈമാക്സ്‌..

... തിങ്കളാഴ്ച കൊള്ളി വന്നപ്പോള്‍ ഞെട്ടിയത് ഞങ്ങള്‍ ആയിരുന്നു.അവനു ഗ്യാഗിയുടെ ബുക്ക്‌ കിട്ടിയത്രേ..ലൈബ്രറിയില്‍ നിന്നും അവന്‍ അതു അടിച്ചു മാറ്റി വീട്ടില്‍ കൊണ്ടുവന്നു എന്ന് വരെ തികഞ്ഞ നിഷ്കളങ്കതയോടെ അവന്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ കണ്ണ് നിറഞ്ഞുപോയി എന്ന് പറയേണ്ടതില്ലല്ലോ....ഇവന് ഹരിശ്ചന്ദ്രന്‍ എന്നായിരുന്നു പേരു ഇടെണ്ടിയിരുന്നത് എന്ന് ആശാന്‍ അഭിപ്രായപ്പെട്ടു.പുതിയ ചില നമ്പറുകള്‍ അവന്‍ പഠിച്ചെന്നും എല്ലാം ഡെവലപ്പ് ചെയ്യാന്‍ അവനെ ഹെല്പ് ചെയ്യണമെന്നും കൊള്ളി താഴ്മയായി അഭ്യര്‍ഥിച്ചു.
.കൊള്ളിക്കു പണി കൊടുക്കാനായി കോളേജില്‍ ഞങ്ങളുമായി വളരെ അടുപ്പമുള്ള ഒരു അധ്യാപകനെയാണ്(പുള്ളി കോളേജിലെ ഒരു സീനിയര്‍ ആയിരുന്നു)‌ കണ്ടെത്തിയത്.ക്ലാസ്സ്‌ എടുക്കുമ്പോള്‍ രണ്ടു കയ്കളും കൊണ്ടു ഒരുപാട് ആങ്ങ്യം കാട്ടുന്ന ഒരു സ്വഭാവം ഉള്ളതിനാല്‍ പുള്ളി കാണിക്കുന്നത് എല്ലാം ഗ്യാഗിയുടെ ഓരോ നമ്പര്‍ ആണെന്നും പുള്ളി ഗ്യാഗിയുടെ ഉസ്താദ് ആണെന്നും ഞങ്ങള്‍ കൊള്ളിയെ വിശ്വസിപ്പിച്ചു.കോളേജില്‍ എത്തിയ കൊള്ളി കണ്ടത് എല്ലായിടത്തും ഗ്യാഗി നിറഞ്ഞു കളിക്കുന്നതാണ്.പൊതുവേ എല്ലാവരും സംസാരം കുറച്ചു ഗ്യാഗി വഴി communication നടത്താന്‍ തുടങ്ങി.കൊള്ളിക്കു ആകെ ഹാലിളകി.ഇതെല്ലം തനിക്കറിയാം എന്ന ഭാവത്തില്‍ എല്ലാവരുടെയും അടുത്ത് ചെന്ന് ഒരു വൃത്തികെട്ട ചിരിയും ചിരിച്ചു കയ്കള്‍ കൊണ്ടു എന്തെങ്കിലും കാട്ടി അടുത്ത ഗ്യാഗി ടീമിന്റെ അടുത്ത് പോകും.പലരും പല രീതിയില്‍ കാണിക്കാന്‍ തുടങ്ങിയതോടെ കൊള്ളിക്കു ആകെ വട്ടായി.പലപ്പോഴും ഒറ്റക്കിരുന്നു കയ്ക്രിയകള്‍ കാട്ടി തല കുലുക്കലും ചിരിയും പതിവായി.മുന്‍പ് പറഞ്ഞ അധ്യാപകനാണെങ്കില്‍ കൊള്ളി ഇരിക്കുന്ന ഭാഗത്തേക്ക്‌ പോലും പോവില്ല.ആകെ വട്ടാക്കും എന്ന് മാത്രമല്ല കൊള്ളിയുടെ അറിവും പുള്ളി നിന്നു കേള്‍ക്കേണ്ടിവരും എന്ന് പുള്ളിക്കറിയാം.ഈ അധ്യാപകന് ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയോട് ഒരു പ്രത്യേക താത്പര്യം ഉള്ളത് ഞങ്ങള്‍ക്ക് കുറച്ചു പേര്‍ക്കറിയാം...അതു പറഞ്ഞു ഇടയ്ക്കു അദ്ദേഹത്തെ ഞങ്ങള്‍ ക്ലാസ്സില്‍ വച്ചു രഹസ്യമായി കളിയാക്കാറുണ്ട്.അതു പുള്ളി ബാക്കിലേക്ക്‌ വരുമ്പോള്‍ മാത്രം..പക്ഷെ ഇതെല്ലം ഗ്യാഗിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും അദ്ദേഹം കയ് കോര്‍ത്ത്‌ പിടിക്കുന്നത്‌ ചീപ്പുണ്ടോ എന്ന് ചോദിക്കാന്‍ വേണ്ടിയാണ് എന്നും കൊള്ളിയെ വിശ്വസിപ്പിച്ചു.
അതോടുകൂടി കൊള്ളി ഹാപ്പി ആയി.മുന്‍ ബെഞ്ചില്‍ ഇരിക്കുന്ന കൊള്ളിക്കു സാറിനെ കയ്യിലെടുക്കാന്‍ കിട്ടിയ അവസരം . കൊള്ളി പിന്നെ സാറിന്റെ പിന്നാലെ ആയി.ക്ലാസ്സില്‍ സാര്‍ എന്തു കാട്ടിയാലും കൊള്ളി അദ്ദേഹത്തെ നോക്കി ചിരി തുടങ്ങി.കുറെ തവണ ഇത് തുടര്‍ന്നപ്പോള്‍ സാര്‍ പിന്നില്‍ വന്നു "അവനെന്താടെ തലയ്ക്കു വല്ല അസുഖവുമുണ്ടോ"എന്ന് ഞങ്ങളോട് ചോദിച്ചു. കിട്ടിയ അവസരമല്ലേ... "".കൊച്ചു പയ്യനല്ലേ സര്‍..പ്രായത്തിന്റെയാണ്..ഒന്ന് വിരട്ടി വിട്ടെക്കാന്‍ "" പറഞ്ഞു.പക്ഷെ സര്‍ ഒന്നും ചെയ്തില്ല.ഞങ്ങള്‍ നിരാശരായി.പക്ഷെ കൊള്ളി വാങ്ങിയാലല്ലേ അടങ്ങു...അടുത്ത ദിവസം ക്ലാസ്സില്‍ എന്തോ പറഞ്ഞു സാര്‍ കയ്കള്‍ കോര്‍ത്ത്‌ പിടിച്ചു ബാക്കിലേക്ക്‌ നടക്കാന്‍ തുടങ്ങിയതും കൊള്ളി ചാടി എഴുന്നേറ്റു..എന്താണ് കൊള്ളി പറഞ്ഞത് എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല.അവസാനം കൊള്ളി മിന്നല്‍ പോലെ പുറത്തേക്കും സാര്‍ ദേഷ്യം കൊണ്ടു ബോര്‍ഡിന്റെ അടുത്തേക്കും പോയി.എന്താണ് സംഭവം എന്ന് ആര്‍ക്കും മനസിലായില്ല.ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ മൃദുലന്‍ നമ്മുടെ സാറിനെ പോയിക്കണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചു.അപ്പോഴും പുള്ളിയുടെ ദേഷ്യം ശരിക്കും മാറിയിരുന്നില്ല.അവസാനം പുള്ളി പറഞ്ഞു. കൊള്ളി പറഞ്ഞത് ഇതാണ്.""""സാര്‍ മറ്റേതിന്റെ ഉസ്താദ് ആണെന്ന് എനിക്കറിയാം.എനിക്ക് നേരത്തെ സംശയം ഉണ്ടായിരുന്നു.ഇപ്പോള്‍ ഞാനും try ചെയ്യുന്നുണ്ട്.വലിയ ബുദ്ധിമുട്ട് ഒന്നുമില്ല...എന്തായാലും ചീപ്പിന് വേണ്ടിയാണ് എങ്കില്‍ എന്റെ കയ്യിലുണ്ട്.പുറകിലേക്ക് പോണമെന്നില്ല..""""""" ഇവിടെ കൊള്ളി ഉദ്ദേശിച്ചത് ഗ്യാഗിയെ പറ്റിയാണ്. സാര്‍ മനസിലാക്കിയത് കൊള്ളി ആ പെണ്‍കുട്ടിയെ പറ്റിയാണ് പറഞ്ഞത് എന്നാണ്.പോരേ പൂരം....കൊള്ളി ഔട്ട്‌....
വയ്കിട്ടു റൂമിലെത്തിയപ്പോള്‍ കൊള്ളി ആകെ അക്ഷോഭ്യനായിരുന്നു...കൊള്ളിക്കു അപ്പോഴും കാര്യം മനസിലായില്ലായിരുന്നു..""അയാള്‍ വല്യ ഉസ്താദ് ആണെങ്കില്‍ ഞാന്‍ അതിലും വലിയ ഉസ്താദ് ആണ് എന്നൊക്കെ പറഞ്ഞു കൊള്ളി അരിശം കൊള്ളുന്നുണ്ട്.ഞങ്ങള്‍ ഒന്നും പറയാന്‍ പോയില്ല.ഇവിടം കൊണ്ടു നിര്‍ത്തിയില്ലെങ്കില്‍ അടുത്ത പണി ചിലപ്പോള്‍ boomerang ആകും എന്ന് തോന്നി.അധികം ഒന്നുമില്ല ഒരു ആഴ്ച മാത്രമേ കൊള്ളി പുറത്തു നിന്നുള്ളൂ.പിന്നെ സാറിന്റെ കാലു പിടിച്ചു അകത്തു കയറി.സത്യം ഒരുപാടുനാള്‍ മൂടിവെക്കാന്‍ പറ്റില്ലല്ലോ...കുറെ കഴിഞ്ഞു എല്ലാരും സത്യം മനസിലാക്കി.ചെറിയ ചില പ്രശംസാ വചനങ്ങള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാം ശുഭം........

Saturday, June 18, 2011

....മൃദുലനും ആശാനും കൊള്ളിയും പിന്നെ ഗ്യാഗിയും........

..ഡിപ്ലോമ കഴിഞ്ഞു പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ നാട്ടില്‍ നിന്നപ്പോളാണ് സംഗതി ഭയങ്കര ബോറാണെന്ന് മനസിലായത്.എന്താണ് പരിപാടി എന്ന്
ചോദിക്കുന്നവരോട് "ഓ അങ്ങനൊന്നുമില്ല" എന്ന് പറഞ്ഞു മടുത്തു.അപ്പോളാണ് പോളിയിലെ ഒരു സീനിയര്‍ ചങ്ങാതിയെ കണ്ടത്.പുള്ളിക്കാരന്‍ വഴിയാണ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് എഞ്ചിനീയറിംഗ് ബിരുദമെടുക്കാന്‍ AMIE എന്നൊരു കോഴ്സ് ഉണ്ട് എന്നറിഞ്ഞത്.സംഗതി ഒരു 11 വര്ഷം മുന്‍പ് ആണ്.LATERAL ENTRY എന്ന പരിപാടിയൊന്നും തുടങ്ങിയിട്ടില്ല.ഉണ്ടായിട്ടും വല്യ കാര്യമൊന്നുമില്ല എന്നതും സത്യം.എന്നാല്‍ പിന്നെ ഒരു കയ്‌ നോക്കിക്കളയാം എന്നുകരുതി മധ്യ കേരളത്തിലെ ഒരു കോളേജില്‍ AMIE പഠിക്കാന്‍ ചേര്‍ന്നു.80% വും ഡിപ്ലോമ കഴിഞ്ഞവരും ബാക്കി PDC കഴിഞ്ഞവരും ആയതിനാല്‍ ആകെ ഒരു തറ മയം.മൃദുലന് ഇതില്‍ പരം വേറെ വല്ലതും വേണോ..കേരളത്തിലെ ഏതാണ്ട് എല്ലാ POLYTECHNIC കളില്‍ നിന്നും ഉള്ള ടീംസ് ഉള്ളതിനാല്‍ വിവിധ തരത്തിലുള്ള അലമ്പുകള്‍ സുലഭം..250 -ഓളം പേരാണ് എന്റെ YEAR -ല്‍ ചേര്‍ന്നതു.ഹോസ്റല്‍ ജീവിതവും പരമസുഖം. PDC ടീംസ് ഉണ്ടെങ്കില്‍ പിന്നെപറയുകയും വേണ്ട.അവരുടെ തലയിലാണ് എല്ലാവരുടെയും താളമടി .ഭാഗ്യത്തിന് ഞാന്‍ താമസിക്കുന്ന HOSTAL -ലില്‍ 3 പേര്‍ PDC ആയിരുന്നു. ആകെ ഒരു 20 പേര്‍ ഉണ്ടാവും.ആറ് പേര്‍ SENIORS ആണ്.റാഗിങ്ങ് പരിപാടിയൊന്നും ഇല്ലാത്തതിനാല്‍ എല്ലാവരും നല്ല കമ്പനി.ആശാന്‍ എന്ന് വിളിക്കുന്ന ആളാണ് സീനിയര്‍ ടീമിന്റെ മുഖ്യ ആകര്‍ഷണം.പോളിയില്‍ മൃദുലന്റെ സീനിയര്‍ ആയിരുന്നു ആശാന്‍.PDC ക്കാര്‍ കൊള്ളി സനോജും,സാലിയും,ശ്രീയുമാണ്.
...ഗ്യാഗി എന്ന പേര്‍ കേട്ട് കണ്‍ഫ്യൂഷന്‍ ആകേണ്ട..മൃദുലനും ആശാനും ചേര്‍ന്ന് രൂപം നല്‍കിയ ഒരു ആംഗ്യ ഭാഷ ആണ് ഗ്യാഗി....ബലിയാടായത് പാവം കൊള്ളി സനോജും.. എങ്ങനെ ഈ ഭാഷ കണ്ടു പിടിച്ചു എന്ന് ചോദിക്കരുത് ...അതു സംഭവിച്ചു പോയതാണ്.....സംഭവങ്ങളുടെ തുടക്കം ഇങ്ങനെ....

ഒരു ഞായറാഴ്ച ....തലേന്നു രാത്രി രണ്ടുമണി വരെ ഉറക്കമിളച്ചിരുന്നു ചീട്ടു കളിച്ചതിന്റെ ക്ഷീണം കാരണം മൃദുലന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ പത്തുമണി..സദു അണ്ണന്റെ പുട്ട് ഇനി പൊടിക്കണം എങ്കില്‍ റോളര്‍ കയറ്റി ഇറക്കണമല്ലോ എന്നോര്‍ത്തു വ്യാകുല ചിത്തനായി കിണറ്റിന്‍ കരയിലേക്ക് നടന്നു.ഇനി ഒരു മണിക്കൂര്‍ പല്ലുതേപ്പു ആണ്...പല്ല് വെളുപ്പിക്കാനൊന്നും അല്ല..പള്ളിയിലും,അമ്പലത്തിലും പോയി വരുന്ന കുട്ടികളെ കണ്ടു അങ്ങനെ നില്‍ക്കും..സമയം പോണത് അറിയില്ല ....കിണറിന്റെ അഞ്ചു മീറ്റെര്‍ അപ്പുറത്ത് ആണ് റോഡ്‌ ...ആശാന്‍ രാവിലെ ഒരു തോര്‍ത്തും ഉടുത്ത് എണ്ണയും തേച്ചു "ഇന്നെങ്കിലും കുളി നടത്തിക്കളയാം " എന്ന രീതിയില്‍ വരാന്തയില്‍ നില്‍ക്കുന്നു....സുന്ദരികളുടെ എണ്ണം എടുത്തു അങ്ങിനെ നില്‍ക്കുമ്പോള്‍ അതാ ഒരു പരിചയമില്ലാത്ത മുഖം...ആഹാ എന്നാല്‍"ആശാനെ ഒന്ന് കാണിച്ചേക്കാം" എന്ന് കരുതി ആശാനെ നോക്കി ആംഗ്യം കാണിച്ചുനോക്കി..പൊതുവേ മാന്യനായ ആശാന്‍ "യെവന്‍ എന്തരടെ ഈ കാണിക്കുന്നത്"എന്ന രീതിയില്‍ തിരിച്ചും ആംഗ്യം കാണിക്കാന്‍ തുടങ്ങി..ശ്ഹെടാ ...ഉറക്കെ പറഞ്ഞാല്‍ അവര് കേട്ടാലോ എന്ന് കരുതിയാണ് മൃദുലന്‍ ആംഗ്യം കാട്ടിയത് .പക്ഷെ ആശാന്‍ ഒരുമാതിരി പൊട്ടന്മാരോട് കാണിക്കും പോലെ തിരിച്ചും തകര്‍ത്തു ഓരോന്ന് കാട്ടുകയാണ്..എന്നാല്‍ ഇതെല്ലം വീക്ഷിച്ചു കൊണ്ട് വീടിന്റെ പുറത്തൊരു മൂലയില്‍ ഇരുന്നു പഠിക്കുകയായിരുന്നു നമ്മുടെ കൊള്ളി.അവന്‍ ഇരിക്കുന്നയിടത്ത് നിന്നും നോക്കിയാല്‍ ആശാനെയും മൃദുലനേം മാത്രമേ കാണാന്‍ പറ്റുള്ളൂ ,റോഡില്‍ കൂടി പോകുന്നവരെ കാണാന്‍ പറ്റില്ല..ഇവന്മാര്‍ എന്താണ് ഈ കാണിക്കുന്നത് എന്ന രീതിയില്‍ യെവന്‍ ഞങ്ങളെ വീക്ഷിക്കുന്നത് അപ്പോളാണ് ഞങ്ങള്‍ കണ്ടത്..അതോടുകൂടി പിന്നെ ആംഗ്യം കാട്ടല്‍ തകര്‍ത്തു ...കൊള്ളിക്കു വട്ടായി എന്ന് പ്രത്യേകം പറയേണ്ടല്ലോ...പൊതുവേ അല്പം സി .ഐ.ഡി വര്‍ക്ക് ഉള്ള കൊള്ളി ഇനി തങ്ങളെ ഫോളോ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു..അതോടു കൂടി ഞങ്ങള്‍ അത്യാവശ്യം ചില നമ്പരുകളുമായി പുതിയ ആംഗ്യ ഭാഷക്ക് രൂപം നല്കി,ഗ്യാഗി എന്നൊരു നാമവും നല്‍കി ..കൊള്ളി വളരെ രഹസ്യമായി ഞങ്ങളെ ഫോളോ ചെയ്യല്‍ ആരംഭിച്ചു...പലപ്പോഴും ഞങ്ങള്‍ സംസാരിക്കുമ്പോള്‍ തികച്ചും അവിചാരിതം എന്നപോലെ കൊള്ളി അവിടെ പ്രത്യക്ഷപ്പെടും..അപ്പോള്‍ ഞങ്ങള്‍ ഉഷാറാകും ..ഗ്യാഗിയുടെ ആഴങ്ങളിലേക്ക് ഞങ്ങള്‍ ഊളിയിടും..കൊള്ളി ഇതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല എന്ന രീതിയില്‍ ഞങ്ങളെ ചുറ്റിപ്പറ്റി നില്ക്കും..(ശരിക്കും ബോബനും മോളിയും കാര്‍ട്ടൂണിലെ നായക്കുട്ടിയേപ്പോലെ)..ഞങ്ങള്‍ കാട്ടുന്ന പലതും കൊള്ളി പിന്നീടു ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്യും...ഇത് ഏതാണ്ട് ഒരു മാസത്തോളം തുടര്‍ന്നു..

അപ്പപ്പോള്‍ തോന്നുന്നത് ഞങ്ങള്‍ കാട്ടുന്നതുകൊണ്ടാവം കൊള്ളിക്കു ഒടുക്കത്തെ കണ്‍ഫ്യൂഷന്‍ ....അങ്ങിനെ അവസാനം അവന്‍ ഞങ്ങളുടെ അടുത്തെത്തി.."ആശാനെ നിങ്ങളുടെ കോട് ഭാഷ കുറച്ചൊക്കെ ഞാന്‍ കണ്ടുപിടിച്ചു...പക്ഷെ പലതും അങ്ങോട്ട്‌ ക്ലിയര്‍ ആവുന്നില്ല.....എന്നെക്കൂടി നിങ്ങള്‍ ഇത് പഠിപ്പിക്കണം.." കൊള്ളി പറഞ്ഞു തീര്‍ന്നതും ആശാന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി..കാര്യം മനസിലായില്ലെങ്കിലും മൃദുലനും അന്യായ ചിരി തുടങ്ങി...കൊള്ളി കൂടുതല്‍ വിനയാന്വിതനായി.."ഞാന്‍ ചെലവ് ചെയ്യാം".....ആശാന്‍ ചിരി നിര്‍ത്തി.."എടാ ഇത് ഞങ്ങള്‍ പോളിയില്‍ പഠിക്കുന്ന കാലം തൊട്ടു പഠിക്കുന്നതാ...ഇപ്പോഴും തീര്‍ന്നിട്ടില്ല...പിന്നെയാണ് നീ കുറച്ചുനാള് കൊണ്ട് പഠിക്കുന്നത്.."...അതോടെ .കൊള്ളി മൃദുലന് നേരെ തിരിഞ്ഞു..എടാ അളിയാ പ്ലീസ്..ഒന്നാലോചിച്ചിട്ട് .മൃദുലന്‍ ആശാന് നേരെ തിരിഞ്ഞു...."ആശാനെ നമുക്കിവന് അത്യാവശ്യം ചില നമ്പരുകള്‍ മാത്രം പറഞ്ഞു കൊടുക്കാം,അല്ലാതെ ബുക്ക് കൊടുത്താല്‍ ഇവന്‍ പഠിച്ചു തീര്‍ക്കില്ല ...എന്തു പറയുന്നു..".ആഹാ ഇതിനു ബുക്കുമുണ്ടോ?എന്നാല്‍ എനിക്ക് ബുക്ക് തന്നാലും മതി,ഞാന്‍ തന്നെ പഠിച്ചു കൊള്ളാം ..കൊള്ളി ആവേശത്താല്‍ പുളകിതനായി...പെട്ടെന്ന് ആശാന്‍ ഇടപെട്ടു ...അതിനു ബുക്ക് എവിടെ ?...ഞാനത് കൊല്ലം പബ്ലിക്‌ ലൈബ്രറിയില്‍ നിന്നും എടുത്തതല്ലേ ...അത് അവിടെയുണ്ടാവും. ...ആശാന്‍ ഒതെറിന്റെ പേരും പറഞ്ഞുകൊടുത്തു ...ഏതോ ഒരു "ജോണ്‍ ഹാഡ്‌ലി " (പഴയ ഏതോ ക്രിക്കെറ്റ് കളിക്കാരന്റെ പേരാണ്..)കൊള്ളി ഭയഭക്തി ബഹുമാനത്തോടെ ആ പേര് എഴുതി എടുത്തു....പേപ്പര്‍ എട്ടായിമടക്കി പോക്കെറ്റില്‍ ഇട്ടു..പിന്നെ ഞങ്ങള്‍ അത്യാവശ്യം ഒന്നുരണ്ടു നമ്പരുകളും കാണിച്ചുകൊടുത്തു...കൊള്ളി ധ്രിതംഗപുളകിതന്‍ ആയി ...ഞങ്ങളും .

പൊതുവേ വീട്ടില്‍ പോകാന്‍ താല്പര്യമില്ലാത്ത കൊള്ളി തൊട്ടടുത്ത ആഴ്ച വീട്ടില്‍ പോകാന്‍ തുടങ്ങി!!ഞങ്ങള്‍ക്ക് കാര്യം പിടികിട്ടി.കൊല്ലത്തുകാരനായ അവന്‍ പബ്ലിക്‌ ലൈബ്രറി തേടിയുള്ള യാത്രയാണ്‌*.വെള്ളിയാഴ്ച ഓതെറിന്റെ പേരു ഒന്നുകൂടി ചോദിച്ച് ഉറപ്പിച്ച ശേഷം അദ്ദേഹം സ്ഥലം കാലിയാക്കി.. യെവന്‍ പോയതോടുകൂടി ഞങ്ങള്‍ കാര്യങ്ങള്‍ കുറച്ചുകൂടി ഉഷാര്‍ ആക്കുവാന്‍ തീരുമാനിച്ചു..ഒരു ഏഴെട്ടു പേരോടു കാര്യങ്ങള്‍ വിശദീകരിച്ചു..എല്ലാവര്‍ക്കും "കളിക്കുടുക്ക" കിട്ടിയ പ്രതീതി!!കാര്യങ്ങള്‍ കോളജിലേക്കു വ്യാപിപ്പിക്കുവാന്‍ തീരുമാനമായി..കുറച്ചു ആംഗ്യ ഭാഷകള്‍ (കൊള്ളിക്കു അറിഞ്ഞുകൂടാത്തത്) എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു ....ഒരുത്തന്റെ തോളില്‍ കയറുന്ന പരിപാടിയായതുകൊണ്ട് എല്ലാവരും അതു പെട്ടെന്ന് പഠിച്ചു..(വെറുതെ ബോറായി ഇരുന്നപ്പോളാണ് അടുത്ത വീട്ടിലെ അപ്പൂപ്പന്‍ വടിയായത്‌....പിന്നെ ആള്‍ക്കാരായി,പന്തലിടീല്‍ ആയി.,ബഹളമായി...ചുരുക്കത്തില്‍ അടിച്ചുപൊളിച്ചു എന്ന് പറഞ്ഞതുപോലെ ആയി പിന്നീടുള്ള കാര്യങ്ങള്‍..എല്ലാവര്‍ക്കും പെരുത്ത്‌ സന്തോഷം).
വെള്ളി ആഴ്ച പോയ കൊള്ളി പിന്നെ പൊങ്ങുന്നത് തിങ്കളാഴ്ച വയ്കിട്ടു ആണ്!!!അപ്പോളേക്കും ഞങ്ങള്‍ എല്ലാം റെഡി ആക്കിയിട്ടുണ്ടായിരുന്നു..

ഇനി കോളെജിലേക്ക്................. .ക്ലൈമാക്സ്‌ അടുത്തതില്‍

Wednesday, June 15, 2011

....സന്തോഷ്ജിയുമായി ഒരു അഭിമുഖം..പ്രസക്ത ഭാഗങ്ങള്‍.

....സന്തോഷ്ജിയുമായി ഒരു അഭിമുഖം...
പുതിയ പ്രോജെക്ട്സ് ::: വന്‍ വിജയമായിരുന്ന കൃഷ്ണന്‍ രാധ എന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പായ krishnan & radha യുടെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങും.നായികയെ തിരഞ്ഞെടുക്കാന്‍ ഒരുപാടു കഷ്ടപ്പെട്ടു.കിട്ടിയ 35 -ഓളം അപേക്ഷകളില്‍ നിന്നും അവസാനം Angelina Jolie -യെ
തിരഞ്ഞെടുത്തു.നായകനായി താന്‍ തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ ജീവിതം ധന്യമായി എന്ന് ANJEL പറഞ്ഞതായി ജി പറഞ്ഞു..""നൈറ്റ്‌ ഗുഡ് നൈറ്റ്‌ ഓള്‍ വെയ്സ് ഫാസ്റ്റ് നൈറ്റ്‌"" എന്ന പാട്ടിന്റെ MUSIC DIRECTION A .R REHMAN ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കൊടുത്തതായി ജി സ്ഥിരീകരിച്ചു..തനിക്കു ഇതൊരു വെല്ലുവിളിയാണെന്ന് A .R പറഞ്ഞതായി ജി ഓര്‍മിച്ചു. ചിത്രത്തില്‍ എന്തെങ്കിലും ഒരു വേഷം കൊടുക്കണമെന്ന KATHRINA ,PRIYANKA ,SONAKSHI എന്നിവരുടെ ആഗ്രഹം തള്ളേണ്ടി വന്നതില്‍ ഖേദം ഉണ്ടെന്നു ജി പറഞ്ഞു.പട്ടാളക്കാര്‍ക്ക് വേണ്ടി സംവിധാനം ചെയ്യുന്ന ""മേം ജവാന്‍ ഹെ..ഹോ...ഹും...""എന്ന ചിത്രത്തില്‍ ഇവരെ പരിഗണിക്കും എന്ന് ജി വ്യക്തമാക്കി
രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ""ഇവിടെ ഒരു പുല്ലും നടക്കില്ല"" എന്ന ചിത്രവും ഉടന്‍ ആരംഭിക്കും.മലയാളം പതിപ്പില്‍ താനും ഇംഗ്ലീഷ് പതിപ്പായ ""NO GRASS WILL WALK HERE "" il ടോം ക്രൂയിസും നായകന്മാരവുന്ന ഈ ചിത്രം 20TH CENTUARY FOX ആവും നിര്‍മ്മിക്കുക എന്ന് ജി പറഞ്ഞു. STEVEN SPILBERG - ന്റെ ചിത്രത്തിന്റെ കരാര്‍ റദ്ദാക്കിയാണ് ടോം താനുമായി കരാര്‍ ഒപ്പിട്ടതെന്നും ജി വെളിവാക്കി.ടോമിനെ വിട്ടുകിട്ടാന്‍ SPILBERG തന്നെ നേരിട്ട് വിളിച്ചതായും പോയി പണി നോക്കാന്‍ താന്‍ പറഞ്ഞതായും ഉള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു .ഭാവാഭിനയവും ആക്ഷനും ഒരുപോലെ ചെയ്യേണ്ടത് കൊണ്ടാണ് പ്രിഥ്വിരാജിനെ ഒഴിവാക്കി താന്‍ തന്നെ മലയാളം പതിപ്പില്‍ നായകനാവുന്നത് എന്നും ജി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ അമ്മയില്‍ അഞ്ചു രൂപ മുടക്കി മെംബെര്‍ഷിപ്‌ എടുക്കാതെ അഭിനയിച്ചാല്‍ TOM ദുഖിക്കേണ്ടി വരും എന്ന് അമ്മ പ്രസ്ഥാവിച്ചതായുള്ള വാര്‍ത്തകളെ ജി ചിരിച്ചു തള്ളി.ഒരു കാരണവശാലും ""KRISHNAN &RADHA "" OSCAR നു അയക്കില്ല എന്നു പറഞ്ഞ ജി ഇത്തരം ചീപ്പ് പബ്ലിസിറ്റിയില്‍ തനിക്കു താല്പര്യം ഇല്ല എന്നും പറഞ്ഞു.മികച്ച നായികമാരെ വാര്‍ത്തെടുക്കുകയാണ് തന്റെ ജന്മലക്ഷ്യം എന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ജി തുറന്നുപറഞ്ഞു. കരീനയുമായി താന്‍ പ്രണയത്തില്‍ ആണെന്നുള്ള വാര്‍ത്തകള്‍ തന്നെ തകര്‍ക്കാനുള്ള അധോലോകത്തിന്റെ നീക്കമാണെന്നും കരീന തനിക്കു മകളെ പോലെയാണെന്നും ജി പറഞ്ഞു.
സന്തോഷ്‌ ജിയുടെ അസിസ്റ്റന്റ്‌ ആയി വര്‍ക്ക്‌ ചെയ്യാന്‍ താത്പര്യം ഉണ്ട് എന്നും ,ടെക്നോളജി യുടെ പിന്നാലെ പോയതിനാല്‍ അഭിനയത്തിന്റെ ആഴങ്ങളില്‍ ഊളിയിടാന്‍ കഴിഞ്ഞില്ല എന്നും ജെയിംസ്‌ കാമറൂണ്‍ പറഞ്ഞതിനെ ജി സ്വാഗതം ചെയ്തു.അറിവ് പകര്‍ന്നു കൊടുക്കുന്നതില്‍ സന്തോഷമേ ഉള്ളു എന്നും അതുകൊണ്ട് ഒരാള്‍ രക്ഷപ്പെടുന്നു എങ്കില്‍ രക്ഷപെടട്ടെ എന്നും ജി വെളിവാക്കി..

ശേഷം അടുത്തതില്‍..................................